ഭിന്നശേഷി ജനമുന്നേറ്റ യാത്ര
തൃശൂർ കേന്ദ്രമായി ഭിന്നശേഷിക്കാരുടേയും, അനാഥരുടേയും ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്ന ദർശന സർവ്വീസ് സൊസൈറ്റി “ഭിന്നശേഷി ജനമുന്നേറ്റ യാത്ര” ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ സിഎംഐ യുടെയും, തൃശൂർ ലയൺസ് ക്ലബ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ശ്രീ ജെയിംസ് വളപ്പില യുടെയും, ദർശന ക്ലബ്ബ് പ്രസിഡൻറ് ശ്രീ ഷിബിൻ ഹാരിയുടെയും സാന്നിധ്യത്തിൽ ഫുട്ബോൾ ഇതിഹാസം ശ്രീ ഐ എം വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഭിന്നശേഷിക്കാർക്ക് സഹതാപമല്ല, സഹകരണമാണ് ആവശ്യമെന്നും, “നിങ്ങൾ ഒപ്പമുണ്ടെങ്കിൽ, ഞങ്ങൾ തനിച്ചല്ല" എന്ന സന്ദേശം നൽകിയും, മനസ്സിൻ്റെ ശക്തിക്കു മുമ്പിൽ വൈകല്യങ്ങൾ തടസ്സമല്ലെന്ന സത്യമുൾക്കൊണ്ടും, ലക്ഷ്യം നന്നായാൽ, മാർഗം ഉണ്ടാകുമെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ദർശന സർവ്വീസ് സൊസൈറ്റിയിലെ ഭിന്നശേഷിക്കാരായ യുവാക്കളാണ് അഡ്വക്കേറ്റ് വിനോദ് കുമാറിന്റെ നേതൃത്വത്തിൽ തൃശൂർ തെക്കേ ഗോപുരനടയിൽ നിന്ന് ഇന്ന് (19/01/2023) കാലത്തു 7 മണിക്കാണ് തിരിച്ചത്.
വെല്ലുവിളികൾ നിറഞ്ഞ ഈ യാത്രയിൽ ചാലക്കുടിയിലും, വൈറ്റിലയിലും, ആലപ്പുഴയിലെ എസ് എൽ പുരത്തും ലയൺസ് ക്ലബ് ഇവർക്ക് സ്വീകരണമൊരുക്കി. തുടർന്ന് യാത്ര തിരിച്ച ഇവർക്ക് പുന്നപ്രയിലെ ഭിന്നശേഷി കൂട്ടായ്മയായ “ആലപ്പി വീൽചെയർ യൂസേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി” സ്വീകരണം നൽകി. അത്യധികം ആവേശത്തോടും ധൃഢനിശ്ചയത്തോടും കൂടെ യാത്ര ചെയ്ത ഇവരെ ഹരിപ്പാടും, കൊല്ലത്തും, തിരുവനന്തപുരത്തെ തിരുമലയിലും ലയൺസ് ക്ലബ് ഹാർദ്ദവമായി വരവേറ്റു.
തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ വൈകിട്ട് 9 മണിക്ക് യാത്രാസംഘം എത്തിച്ചേരുകയും യാത്രയ്ക്ക് സമാപനം കുറിക്കുകയും ചെയ്തു.